Friday 19 June 2015

അറിവുത്സവമായി വായനാദിനം


   അറിവിന്റെ അക്ഷയഖനികളായ പുസ്തകങ്ങളിലേക്ക് വഴി തുറന്നിട്ടുകൊണ്ട് ഉദിനൂര്‍ സെന്ട്രല്‍ ഏ യു പി സ്കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ വായനാദിനത്തിന് തുടക്കം കുറിച്ചു. അക്ഷരദീപങ്ങളെ സാക്ഷി നിര്‍ത്തിക്കൊണ്ട് പ്രശസ്ത കവിയും നാടന്‍പാട്ടിന്റെ പ്രചാരകനുമായ ശ്രീ ഗിരീഷ് പുലിയൂര്‍ വായനോത്സവവും വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനവും നിലവിളക്ക് കൊളുത്തി നിര്‍വഹിച്ചു. കഥകളിലൂടെയും പാട്ടുകളിലൂടെയും പുസ്തകവായനയുടെ പ്രാധാന്യം കുട്ടികളിലേക്കെത്തിച്ചപ്പോള്‍ അതൊരു നവ്യാനുഭവമായി. വായനാനുഭവങ്ങളിലൂടെ നേടുന്ന അറിവ് ജീവിതത്തിലുനീളം ഒരു സംസ്കാരമായി കൊണ്ടുനടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കുട്ടികളുടെ കൈയ്യെഴുത്തു മാസികയായ 'കൂട് ' ഗിരീഷ് പുലിയൂര്‍ പ്രകാശനം ചെയ്തു. ഉറൂബ് ദിനാചരമത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വ്വഹിച്ചു.
 
      ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം കൈക്കോട്ടുകടവ് PMSAPTS HSS ഇംഗ്ലീഷ് അധ്യാപിക ശ്രീമതി ശ്രീജ ടീച്ചര്‍ നിര്‍വ്വഹിച്ചു. ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന തരത്തിലായിരുന്നു ക്ലാസ്സ്.
 

   ക്രിയാത്മകമായ ക്ലാസ്സ് മുറികളില്‍ രൂപപ്പെടുന്ന പഠനോപകരണങ്ങള്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനത്തിനുപയുക്തമാക്കാന്‍ കുട്ടികള്‍ക്ക് കഴിയുമെന്ന് പ്രവൃത്തിപരിചയക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് ശ്രീമതി സ്വപ്ന ടീച്ചര്‍ അഭിപ്രായപ്പെട്ടു. ഗണിതക്ലാസ്സിലുപയോഗിക്കാന്‍ കഴിയുന്ന ജ്യാമിതീയ രൂപങ്ങള്‍ , ആശംസാകാര്‍ഡുകള്‍ എന്നിവ നിര്‍മിക്കാനും കുട്ടികള്‍ക്ക് പരിശീലനം നല്‍കി.
 
     അറിവുത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടികളില്‍ ഹെഡ് മാസ്റ്റര്‍ വി ഹരിദാസ് , പി ടി എ പ്രസിഡണ്ട് സുരേഷ് കുമാര്‍ വിദ്യാര്‍ത്ഥികളായ ശ്രീ പാര്‍വ്വതി , ദേവനന്ദനന്‍ , ജീവസ്സ് , ഗോപിക , നന്ദന , അശ്വതി , വൈഷ്ണവ് , ദിവ്യശ്രീ , ധീരജ് എന്നിവര്‍ സംസാരിച്ചു.

1 comment:

  1. വായിച്ചു വളരട്ടെ ഉദിനൂരിന്റെ മക്കള്‍...ആശംസകള്‍

    ReplyDelete