Tuesday 21 June 2016

        അഞ്ഞൂറോളം കയ്യെഴുത്തുമാസികകൾ വായനാദിനത്തിൽ

    ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിൽ വായനാദിനത്തിൽ  വിദ്യാലയത്തിലെ കുട്ടികൾ ഒന്നടങ്കം വായനാദിനപരിപാടികളിൽ കൈ മെയ് മറന്ന് മുഴുകിയപ്പോൾ പിറന്നത് 500 ഓളം കയ്യെഴുത്തുമാസികകൾ . കയ്യെഴുത്തുമാസികകളുടെ അക്ഷരക്കൊയ്ത്താണ് വിദ്യാലത്തിൽ അരങ്ങേറിയത്.
     'സർഗാത്മാഗത വീട്ടിൽ നിന്ന് തുടങ്ങാം' .എന്ന ആശയവുമായി ആരംഭിച്ച പരിപാടിയുടെ സാക്ഷാത്കാരമാണ്‌ വായനാദിനത്തിൽ നടന്നത്. കുടുംബത്തിലെ ഓരോ അംഗവും തന്റെ കുട്ടിയുടെ കയ്യെഴുത്തുമാസികയിൽ സൃഷ്ടികൾ നൽകിക്കൊണ്ട് മാസിക സംപുഷ്ടമാക്കി .അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും മറ്റു പ്രിയപ്പെട്ടവരുടെയും കലാ സാഹിത്യ സൃഷ്ടികൾ കൊണ്ട് സമ്പന്നമായ മാസികയുമായിട്ടാണ് വായനാദിനത്തിൽ കുട്ടികൾ വിദ്യാലയത്തിലെത്തിയത് .
     ഉദ്ഘാടകനായ കരിപ്പാൽ എസ്  വി യു പി സ്കൂൾ അദ്ധ്യാപകൻ വി എം ജനാർദ്ദനൻ  മാസ്റ്റർ കയ്യെഴുത്തുമാസികയുടെ പ്രകാശനം നിർവഹിച്ചപ്പോൾ കുട്ടികൾ ഓരോരുത്തരും അവരുടെ കയ്യെഴുത്തുമാസികകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അഭിവാദ്യം ചെയ്തു.തുടർന്ന് ജ്വലിക്കുന്ന അക്ഷരദീപത്തിന്റെ പ്രഭയിൽ കുട്ടികൾ ലൈബ്രറി അംഗത്വ കാർഡ് ഉയർത്തിപ്പിടിച്ചുകൊണ്ട് സമ്പൂർണ്ണ ലൈബ്രറി അംഗത്വ വിദ്യാലയം എന്ന പ്രഖ്യാപനം നടത്തി. അക്ഷരം അഗ്നിയാണ് ......... എന്ന് തുടങ്ങുന്ന വായനാദിന പ്രതിജ്ഞയും ഏറ്റുചൊല്ലി .
ചടങ്ങിൽ ഈ വർഷത്തെ ലൈബ്രറി പുസ്തക വിതരണോൽഘാടനം പി ടി എ പ്രസിഡണ്ട് നിർവഹിച്ചു . മലയാളം ക്ലബ്ബ് പ്രസിഡണ്ട് ജാഹ്ൻവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗൌരിനന്ദ സ്വാഗതവും അനന്യ നന്ദിയും പറഞ്ഞു .
 

No comments:

Post a Comment