Wednesday, 24 January 2018


                                       സ്കൂൾ ട്വിന്നിംഗ് പ്രോഗ്രാം
വിദ്യാലയ മികവുകൾ പരസ്പരം പങ്കുവയ്ക്കുന്നതിനും മികച്ച മാതൃകകൾ സ്വന്തം വിദ്യാലയത്തിൽ പ്രാവർത്തികമാക്കുന്നതിനും ലക്ഷ്യമിട്ട് സർവശിക്ഷാ അഭിയാൻ ആവിഷ്ക്കരിച്ച    സ്കൂൾ ട്വിന്നിംഗ് പ്രോഗ്രാമിന് ചെറുവത്തൂർ ബി ആർ സി യിൽ തുടക്കമായി.ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിൽ അതിഥികളായെത്തിയ മുഴക്കോം ജിയുപി സ്കൂളിലെ ഏഴാം തരത്തിലെ മുപ്പത് വിദ്യാർഥികളും പ്രഥമാധ്യാപകനുൾപ്പെടെ നാല് അധ്യാപകരുമാണ് വേറിട്ട പരിപാടിയിൽ പങ്കാളികളായത്.
        രാവിലെ സ്‌കൂൾ അസംബ്ലിയിൽ പടന്ന ഗ്രാമ പഞ്ചായത്ത് മെമ്പർ ഒ ബീനയും ഒന്നാം തരത്തിലെ കുട്ടികളും ചേർന്ന് അതിഥികളായ കുട്ടികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഉറുദു വാർത്താ വായനകളും പുസ്തകാസ്വാദനക്കുറിപ്പ് അവതരണവും അസംബ്ലിയെ ശ്രദ്ധേയമാക്കി. തുടർന്ന് ഐ സി ടി സാധ്യതകൾ ഉപയോഗപ്പെടുത്തി ഏഴാം തരത്തിൽ വിവിധ വിഷയങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കാൻ പറ്റും വിധത്തിൽ അധ്യാപകർ അവതരിപ്പിച്ചു.ഉദിനൂരിന്റെ മികവുകളിലൊന്നായ പ്രതിമാസ മാധ്യമ ക്വിസ് മത്സരത്തിൽ മുഴക്കോത്തെ കുട്ടികളും സമ്മാനം നേടി.ഉദിനൂർ സെൻട്രലിൽ 2017-18 അധ്യയന വർഷം നടന്ന മികവുകളുടെ ഡോക്യുമെന്ററി, ഫോട്ടോ പ്രദർശനമായിരുന്നു പിന്നീട്.ബാലസഭ, സാഹിത്യ സമാജം,ശലഭോദ്യാനം, പച്ചക്കറിത്തോട്ടം സന്ദർശനം എന്നിവയും മികവുകളുടെ നേർസാക്ഷ്യങ്ങളായി മുഴക്കോത്തെ കുട്ടികൾ കണ്ടറിഞ്ഞു. അടുത്ത മാസം ആദ്യം ഉദിനൂരിലെ പുതിയ കൂട്ടുകാരെ തങ്ങളുടെ വിദ്യാലയത്തിലേക്ക് ക്ഷണിച്ചു കൊണ്ടാണ് മുഴക്കോത്തെ കുരുന്നുകൾ മടങ്ങിയത്.
     ഉദ്ഘാടന ചടങ്ങിൽ ബിപിഒ  കെ നാരായണൻ പരിപാടി വിശദീകരണം നടത്തി.ഉദിനൂർ സെൻട്രൽ എ യു പി സ്കൂൾ പ്രഥമാധ്യാപിക വി ചന്ദ്രിക, മുഴക്കോം  ജിയുപി സ്കൂൾ പ്രഥമാധ്യാപകൻ പി വി രമേശൻ, അധ്യാപകരായ ബിജു, ദ്രൗപദി, അജിത, മദർ പി ടി എ പ്രസിഡന്റ് ഉഷാ കൃഷ്ണൻ, ബി ആർ സി പരിശീലകരായ പി വി ഉണ്ണിരാജൻ ,പി വേണുഗോപാലൻ എന്നിവർ സംസാരിച്ചു.




No comments:

Post a Comment